മാതാപിതാക്കള്‍ ഏറെ മാനസിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥയാണ് കുട്ടികളിലെ ഓട്ടിസം. എന്നാല്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ കുട്ടികളിലെ ഈ രോഗാവസ്ഥയെ വളരെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കും. നേരത്തെ തിരിച്ചറിയുന്നതിലൂടെ ഫലപ്രദമായ ചികിത്സയും പരിശീലവും കുട്ടികള്‍ക്ക് നല്‍കുവാന്‍ സാധിക്കും. കുട്ടികളിലെ ബുദ്ധിവികാലവുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന ഒരു മാനസിക വ്യതിയാനമാണ് ഓട്ടിസം. തനിച്ചിരിക്കാനുളള ഇഷ്ടമാണ് ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രധാന ലക്ഷണം. ആയിരത്തില്‍ രണ്ട് കുട്ടികള്‍ക്കെങ്കിലും ഓട്ടിസം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയെ ഓട്ടിസം താറുമാറാക്കുന്നു.
വിവിധ പ്രായത്തില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ചുവടെ. ഇവയില്‍ ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റവുമായി സാമ്യമുണ്ടെങ്കില്‍ എത്രയും വേഗം ഒരു വിദഗ്ധ പരിശോധന നടത്തുന്നതാവും ഉചിതം.
ആറ് മാസം മുതല്‍ ഒരു വയസ് വരെ
1. ശബ്ദങ്ങളോട് പ്രതികരിക്കാതിരിക്കുക
2. പേര് വിളിച്ചാല്‍ പ്രതികരിക്കാതിരിക്കുക
3. പുഞ്ചിരിച്ചാല്‍ തിരിച്ച് പുഞ്ചിരിക്കാതിരിക്കുക
4. മുഖത്തോട്ട് നോക്കാന്‍ വിമുഖത കാട്ടുക
5. കുട്ട്ികളുടേതായ നിരര്‍ത്ഥസംഭാഷണം നടത്താതിരിക്കുക
6. ശബ്ദത്തിലൂടെയും ആംഗ്യത്തിലൂടെയും ആശയവിനിമയം നടത്താതിരിക്കുക
7. മുതര്‍ന്നവരുടെ പ്രവര്‍ത്തികള്‍ അനുകരിക്കാതിരിക്കുക
ഒന്നര വയസില്‍
1. ലളിതമായ ആംഗ്യങ്ങള്‍ കാട്ടാതിരിക്കുക( ഉദ്ാ. വേണ്ട എന്നതിന് പകരം തലയാട്ടി കാണിക്കുക)
2. പുതിയ വസ്തുക്കള്‍ ആസ്വദിക്കാതിരിക്കുക
3. കളിപ്പാട്ടങ്ങളുമായി കളിക്കാതിരിക്കുക
4. മറ്റ് കുട്ടികളുമായി കളിക്കാന്‍ മടി കാണിക്കുക
5. അമ്മ എന്ന വാക്ക് പോലും പറയാതിരിക്കുക
രണ്ട് വയസില്‍
1. വേണ്ട എന്നതിന് തല ആട്ടാതിരിക്കുക
2. കരച്ചിലിനപ്പുറം മുതിര്‍ന്നവരുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക
3. കളിപ്പാട്ടങ്ങളുമായി കളിക്കാതിരിക്കുക
4. വസ്തുക്കളെ നിരീക്ഷിക്കാതിരിക്കുക
5. പുതിയ വസ്തുക്കളെയും പരിസരങ്ങളും ആസ്വദിക്കാതിരിക്കുക
6.മറ്റ് കുട്ടികളുമായി കളിക്കാതിരിക്കുക
7.അമ്മ എന്ന വാക്ക് ഉച്ചരിക്കാതിരിക്കുക
മൂന്ന് തൊട്ട് നാല് വയസ് വരെ
1. മുതിര്‍ന്നവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുക
2. മൂന്ന്-നാല് വാക്കിലുളള സംഭാഷണങ്ങള്‍ നടത്താതിരിക്കുക( ഉദാ. അമ്മേ എനിക്ക് ജ്യൂസ് തരൂ)
3. പേര് പറയുന്നത് കൂടാതെ ഞാന്‍,എന്‍റെ തുടങ്ങിയ പദങ്ങള്‍ ഉപയോഗിക്കാതിരിക്കുക
4. ഒരു വസ്തുവിന് പകരമായി മറ്റൊരു വസ്തുവിനെ സങ്കല്‍പ്പിക്കാതിരിക്കുക(ഉദാ. കാറിന് പകരം ബ്ലോക്സ് ഉപയോഗിക്കുക)
5. വാക്കുകളുടെ അര്‍ത്ഥം മനസിലാകാതെ അനാവശ്യമായി ചില വാക്കുകളോ വാക്യങ്ങളോ ആവര്‍ത്തിക്കുക.
അഞ്ച് തൊട്ട് ആറ് വയസ് വരെ
1. ആശയവിനിമയം നടത്തുമ്പോള്‍ ശരിയായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാതിരിക്കുക
2. കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും മറ്റുളളവരോട് സംസാരിക്കുവാന്‍ താത്പര്യം കാണിക്കാതിരിക്കുക
3. ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സംഭാഷണങ്ങള്‍ നടത്താതിരിക്കുക
4. സാങ്കല്‍പ്പികമായ ലോകത്ത് വിഹരിക്കുക
5. സമപ്രായക്കാരുമായി കളിക്കുവാന്‍ വിമുഖത കാട്ടുക
6. സംസാരത്തിന് അനസൃതമായി മുഖഭാവങ്ങള്‍, ചലനങ്ങള്‍, ശരീരഭാഷ, ആംഗ്യങ്ങള്‍ എന്നിവ കാണിക്കാതിരിക്കുക
7 .ഞാന്‍,നീ ,അവന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക
സംസാരപെരുമാറ്റ വൈകല്യമുളള കുട്ടികള്‍ക്കായി ശ്രവണ ഹിയറിംഗ് ആന്‍ഡ് സ്പീച്ച് സെന്‍റര്‍ ഒരുക്കിയിട്ടുളള പരിശീലനമാണ് COMDEALL. Autism Spectrum Disorders(ASD), Specific Language Impairment(SLI), Developmental Verbal Dyspraxia( DVD), Pervasive Developmental Disorders(PDD) തുടങ്ങിയ അവസ്ഥകളില്‍ കൂടി കടന്ന് പോകുന്ന കുട്ടികളെ ഈ പരിശീലനം വഴി മികവുറ്റവരാക്കുന്നു. സ്പീച്ച് തെറാപ്പിസ്റ്റുകള്‍, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നടക്കുന്ന പരിശീലന പരിപാടിയാണിത്. മൂന്ന് തൊട്ട് നാല് വയസ് വരെയുളള കുട്ടികളെ വിവിധ നിലകളില്‍ പരിശീലനം നല്‍കി മിടുക്കരാക്കി റെഗുലര്‍ സ്കൂളില്‍ ചേര്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യം.
മുകളില്‍ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കുട്ടികള്‍ കാട്ടുന്നുണ്ടെങ്കില്‍ നമുക്ക് അല്‍പ്പം ശ്രദ്ധാലുക്കളാകാം. സമയോചിതമായ ഇടപെടലുകള്‍ സങ്കീര്‍ണ്ണമായേക്കാവുന്നതിനെ ലളിതമായി കൈകാര്യം ചെയ്യുവാന്‍ സാധ്യമാക്കും. പെട്ടെന്ന് സുഖപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല ഓട്ടിസം. സമ്പൂര്‍ണ്ണ പരിഹാരവും ഇതിനില്ല. പരിശീലനത്തോടൊപ്പം മനശാസ്ത്ര ചികിത്സകളും മരുന്നുകളും ഉപയോഗിച്ചാല്‍ നല്ല മാറ്റം വേഗത്തില്‍ കാണാറാകും. പ്രശ്നം നേരത്തെ തന്നെ തിരിച്ചറിയുക, കാലതമാസമില്ലാതെ ചികിത്സിക്കുക.. നമ്മുടെ കുട്ടികളെ നമുക്ക് മിടുക്കരാക്കാം.